തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് കോൺഗ്രസ്. ഒക്ടോബർ 5 ശനിയാഴ്ച മുതൽ ബ്ലോക്ക് തലം കേന്ദ്രീകരിച്ചാണ് സമരം. ഒക്ടോബർ 5 മുതൽ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിൻ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തും.
മാഫിയ സംരക്ഷനായ മുഖ്യമന്ത്രി രാജിവെയ്ക്കുക, തൃശ്ശൂർ പൂരം കലക്കിയ സിപിഎം-ബിജെപി ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പിലെ ക്രിമിനൽവത്ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയാൻ സർക്കാർ പൊതുവിപണിയിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടർച്ചയായി ഒക്ടോബർ 5 മുതൽ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിൻ 'ജനദ്രോഹ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം' കെപിസിസി ആരംഭിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.
വലിയ ജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ 1494 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തും. രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഡിസിസികൾ തിരഞ്ഞെടുത്ത മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 5 ശനിയാഴ്ച നടക്കും. തിരുവനന്തപുരത്ത് 6നും കാസർകോട് 7നും ജില്ലാതല ഉദ്ഘാടനം നടക്കും. വയനാട് മാനന്തവാടി മണ്ഡലത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപിയും കോഴിക്കോട് ഇലത്തൂർ ബ്ലോക്കിലെ എലഞ്ഞിക്കൽ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഷ്ട്രീയ വിശദീകരണ യോഗത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
മറ്റുജില്ലകളായ തിരുവനന്തപുരത്ത്
നെയ്യാറ്റിൻകര ബ്ലോക്ക് പെരുമ്പഴുതൂരിൽ കെ മുരളീധരൻ മുൻ എംപി, കൊല്ലം ശാസ്താംകോട്ട ബ്ലോക്ക്, ശാസ്‌താംകോട്ട വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി,പത്തനംതിട്ട ബ്ലോക്കിലെ കോഴഞ്ചേരി മണ്ഡലം മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ആലപ്പുഴ സൗത്ത് ബ്ലോക്കിലെ ബീച്ച് മണ്ഡലം എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്, കോട്ടയം ഏറ്റുമാനൂർ ബ്ലോക്കിലെ അതിരമ്പുഴ മണ്ഡലം കെപിസിസി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം, ഇടുക്കി തൊടുപുഴ ബ്ലോക്കിലെ ഇടവെട്ടി മണ്ഡലം രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, എറണാകുളം വൈറ്റില ബ്ലോക്കിലെ തമ്മനം മണ്ഡലം കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ, തൃശൂർ ചേലക്കര മണ്ഡലം കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, പാലക്കാട് പിരായിരി മണ്ഡലം വി കെ ശ്രീകണ്ഠൻ എംപി, മലപ്പുറം കുറ്റിപ്പുറം ബ്ലോക്കിലെ വളാഞ്ചേരി മണ്ഡലം കെ മുരളീധരൻ മുൻ എംപി, കണ്ണൂർ ധർമ്മടം ബ്ലോക്കിലെ ചക്കരക്കൽ മണ്ഡലം യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ എന്നിവരും രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
Congress for a massive strike demanding the resignation of Mafia King Pinarayi